കൊട്ടിയൂർ (കണ്ണൂർ) : നവ കിരണം എന്ന പേര് മാറ്റി കർഷകരെ പറ്റിച്ച് കൃഷിഭൂമി വനമാക്കാൻ നടത്തുന്ന റീ ലൊക്കേഷൻ പദ്ധതിയിൽ കുടുങ്ങിയ കർഷകകരുടെ പേരിൽ കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ വൻ രാഷ്ട്രീയ വിവാദം. വനത്തിനുള്ളിൽ കഴിയുന്നവരെ പകരം ഭൂമി വാങ്ങാൻ പണവും വീടിനുള്ള തുകയും നൽകി കുടുംബ യൂണിറ്റ് അടിസ്ഥാനത്തിൽ കൈവശ സ്ഥലം വിവിധ സ്ലാബുകളാക്കി തിരിച്ചും കേന്ദ്ര സർക്കാർ ചിലവന്യ ജീവി സങ്കേതങ്ങളിൽ നടപ്പിലാക്കിയ റീ ലൊക്കേഷൻ പദ്ധതിയാണ് കേരള സർക്കാർ പിന്നീട് നവ കിരണം എന്ന ലേബലൊട്ടിച്ച് വ്യവസ്ഥകളിൽ മാറ്റം വരുത്തി അവതരിപ്പിച്ചത്.
രണ്ട് റീച്ചുകളായി തിരിച്ച് കൊട്ടിയൂർ ചപ്പ മലയിൽ കൃഷിഭൂമി ഏറ്റെടുക്കാൻ നടത്തിയ നീക്കത്തിൽ സിപിഎമ്മിനെതിരെയാണ് ആരോപണമുയർന്നിട്ടുള്ളത്. പ്രദേശത്തെ ബ്രാഞ്ച് സെക്രട്ടറി പദ്ധതിയിൽ ചേർന്ന വരെ വിളിച്ചു കൂട്ടി രഹസ്യമായി കമ്മിറ്റി രൂപീകരിക്കുകയും പണം കൈപ്പറ്റിയ ശേഷം കടന്നു കളഞ്ഞെന്നും വനാതിർത്തിയോട് ചേർന്ന് ഭൂമിയും വീടും ഉള്ളവർ പണം കിട്ടാതെ വലയുകയാണെന്നുമാണ് ആരോപണം. ഭൂമി വിട്ടുകൊടുക്കാൻ സ്വയം സന്നദ്ധത അറിയിച്ച് പദ്ധതിയിൽ ചേർന്നവരിൽ ബഹുഭൂരിപക്ഷവും കാട്ടാനയുടെയും പുലിയുടെയും ഇടയിൽ കിടന്ന് നട്ടം തിരിയുമ്പോൾ പദ്ധതി വലിച്ചിറക്കി കൊണ്ടുവന്ന് നടപ്പിലാക്കാൻ വനംവകുപ്പിന് ഒത്താശ ചെയ്തു കൊടുത്ത ബ്രാഞ്ച് സെക്രട്ടറി സ്വന്തം സ്ഥലം ആദ്യമേ കൈമാറി പണവും വാങ്ങി സ്ഥലം വിട്ടു എന്നാണ് ആരോപണം. പാർട്ടിയുടെ പേരിൽ തട്ടിക്കൂട്ടിയ കമ്മിറ്റിക്കെതിരെ സാമ്പത്തിക ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. വനത്തോട് ചേർന്നുള്ള ആദ്യ റീച്ചിൽ ഉൾപ്പെട്ടരിൽ വനത്തിന് ഏറ്റവും അടുത്തുള്ളവർ ഇപ്പോഴും പണം കിട്ടാതെ വലയുമ്പോൾ വനാതിർത്തിയിൽ നിന്നും അകലെ ജനവാസ കേന്ദ്രങ്ങളിൽ ഉള്ള പലരും ഭൂമി വിട്ടുകൊടുത്ത് പണവും വാങ്ങി സ്ഥലം വിട്ടിരിക്കുന്നു. പണം കൊടുത്ത് ഏറ്റെടുത്ത പ്രദേശമെല്ലാം വനമായി വളർന്നപ്പോൾ ഇടയിൽ പെട്ടു പോയവർ വനത്തിനുള്ളിൽ കുടുങ്ങിയതു പോലെയായി. ആനയും കടുവയും പുലിയും രാജവെമ്പാലയും ഒക്കെ ഭീഷണിയായി ചുറ്റി നടക്കുമ്പോൾ കുട്ടികളേയും കുടുംബത്തെയും സംരക്ഷിക്കാൻ മറ്റ് വഴികൾ തേടുകയാണ് പലരും. അവരുടെ കൃഷിയിടങ്ങളെല്ലാം വനമായി മാറിക്കഴിഞ്ഞു. കൃഷി ചെയ്യാൻ സ്ഥലമില്ലാതായി. പലരും വാടക വീടുകളിലേക്കും മറ്റും മാറിക്കഴിഞ്ഞു. കൈയ്യിൽ നയാ പൈസയില്ല. ചിലർ മറ്റ് തൊഴിലുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പക്ഷെ വനം വകുപ്പിനോ രഹസ്യ കമ്മിറ്റി ഉണ്ടാക്കിയ പാർട്ടിക്കോ ഒരു കുലുക്കവുമില്ല. സ്വന്തം പേരിൽ ഉണ്ടായിരുന്ന തുഛമായ ഭൂമി വൻ തുകയ്ക്ക് വനം വകുപ്പിന് കൈമാറിയിട്ടാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥലം വിട്ടതെന്നും നാട്ടുകാർ ആരോപിക്കുന്നു. ഗതികെട്ട കർഷകർ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി വനം വകുപ്പ് ഓഫിസിൽ സമരം നടത്തിയിരുന്നു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം, പഞ്ചായത്തംഗം ജെസ്സി ഉറുമ്പിൽ, പഞ്ചായത്തംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമായ തോമസ് ആമക്കാട്ട് എന്നിവരും സമരത്തിൽ പങ്കെടുത്തു. ആരോപണം പാർട്ടിക്കും പാർട്ടി ബ്രാഞ്ച് സെക്രട്ടി റിക്കും എതിരെ ഉയർന്നതോടെ സമരം നടത്തിയവർക്കെതിരെ
ആരോപണവുമായി വന്നിരിക്കുകയാണ് സിപിഎം ലോക്കൽ സെക്രട്ടറി. പ്രശ്നത്തെ കുറിച്ച് അവ്യക്തമായ വിശദീകരണം നൽകുന്നു എന്നതിനേക്കാൾ സമരം നടത്തിയതിലെ രാഷ്ട്രീയത്തെയാണ് സിപിഎം വിമർശിക്കുന്നത്. കോൺഗ്രസുകാരായ പഞ്ചായത്ത് ഭരണ നേതൃത്വവും ബിജെപിയും ചേർന്ന് ആണ് സമരം നടത്തിയതെന്ന് വരുത്തി തീർക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സമരം നടത്താൻ ഇടവരുത്തിയ സാഹചര്യങ്ങളെ മറച്ചു വച്ച് നടത്തിയ രാഷ്ട്രീയ തട്ടിപ്പിനെ ന്യായീകരിക്കാനും പാർട്ടി ശ്രമിക്കുകയാണ്. ഇപ്പോൾ കുടുങ്ങി കിടക്കുന്ന കർഷകരിൽ പലരുടേ യും ഭൂമിക്ക് പട്ടയമില്ല, രേഖ പ്രകാരമുള്ള സ്ഥലമില്ല, ഭൂനികുതി അടയ്ക്കുന്ന തുകയുടെ നിരക്ക് ശരിയല്ല, ഇതൊക്കെ ശരിയാക്കിയാലേ ഭൂമി ഏറ്റെടുക്കൽ നടത്താൻ കഴിയു എന്നാണ് പാർട്ടിയുടെ ഇപ്പോഴത്തെ ന്യായീകരണം. രേഖകൾ ശരിയാക്കേണ്ടത് റവന്യു വകുപ്പാണെന്നും അവർ ശരിയാക്കാത്തത് തങ്ങളുടെ കുഴപ്പമല്ലെന്നുമുള്ള വനംവകുപ്പിൻ്റെ ന്യായീകരണവും പാർട്ടി ഉദ്ധരിക്കാറുണ്ട്. കൂടുതൽ ചോദ്യം ഉയർന്നാൽ പദ്ധതി കേന്ദ്ര സർക്കാരിൻ്റെ തലയിലേക്ക് പിടിച്ചുവച്ചു കൊടുത്ത് തലയൂരാനും ശ്രമിച്ചു കളയും. മേൽപ്പറഞ്ഞ നിബന്ധനകൾ ഒക്കെ ശരിയാക്കി കൊടുത്ത് പദ്ധതിയുടെ ഗുണം വാങ്ങി കൊടുക്കാമെന്ന് പറഞ്ഞാണ് ബ്രാഞ്ച് സെക്രട്ടറി കളത്തിൽ ഇറങ്ങി കളിച്ചതെന്ന കാര്യം പാർട്ടി മിണ്ടുന്നുമില്ല. തിടുക്കം കോൺഗ്രസിനെയും പഞ്ചായത്ത് ഭരണ നേതൃത്വത്തെയും ബിജെപി ബന്ധത്തിൽ കുടുക്കി സ്വയം രക്ഷപ്പെടാനുള്ളതാണ്. പക്ഷെ സിപിഎം ബ്രാഞ്ച് സെക്രട്ടറി തട്ടിക്കൂട്ടിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാധാരണക്കാരായ കർഷകരെ വഞ്ചിച്ച് സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് പഞ്ചായത്ത് നേതൃത്വം. കൊട്ടിയൂർ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലായാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. 168 പേർ ഉള്ള പദ്ധതിയിലെ ഒന്നാം റീച്ചിൽ പെട്ട 41 പേർക്ക് പണം കൊടുത്തു കഴിഞ്ഞു. വനാതിർത്തിയിൽ ഉള്ള 33 പേർക്ക് 'ഇനിയും പണം കൊടുത്തിട്ടില്ല. പട്ടയമില്ല, നികുതി താരിഫിലും അളവിലും വ്യത്യാസമുണ്ട്, രേഖകളില്ല തുടങ്ങിയ കാരണമാണ് വനം വകുപ്പ് ഉന്നയിക്കുന്നത് ഇപ്പോൾ. പദ്ധതി നടപ്പിലാക്കും മുൻപ് ഡിഎഫ്ഒ അടക്കം പങ്കെടുത്ത യോഗങ്ങളിൽ ഇത്തരം വിഷയങ്ങൾ കർഷകർ ഉന്നയിച്ചിരുന്നതാണ്. ഒന്നും പ്രശ്നമല്ല, എല്ലാം ശരിയാക്കാമെന്നായിരുന്നു അന്ന് ഉറപ്പുകൊടുത്തത്. അക്കാര്യം മിണ്ടാതെ കുറ്റം സ്വയം സന്നദ്ധരായ കർഷകരുടെ തലയിലേക്ക് കെട്ടിവച്ചു കൊടുത്ത് വഞ്ചിക്കാനാണ് സർക്കാർ നീക്കം. പദ്ധതി പ്രഖ്യാപിച്ച് നാല് കഴിഞ്ഞപ്പോൾ വനം വകുപ്പും സർക്കാരും മെല്ലെ തട്ടിപ്പിറക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. വനം വകുപ്പും സർക്കാരും ചേർന്ന് നടത്തുന്ന തട്ടിപ്പ് പദ്ധതിയിലെ പാളിച്ചകളെ ന്യായീകരിച്ച് പിണറായി സർക്കാരിനെ പുട്ടിയടിച്ച് മിനുക്കാൻ ശ്രമിക്കുന്ന സി പി എം നിലപാടിനെതിരെ നാട്ടുകാരും കർഷകരും മറ്റ് സാമൂഹിക രാഷ്ട്രീയ കക്ഷികളും രംഗത്ത് വന്നു കഴിഞ്ഞു. റിലൊക്കേഷൻ നവ കിരണം തട്ടിപ്പിലൂടെ കർഷകരെ സർക്കാർ വഞ്ചിക്കുന്നതെങ്ങനെ എന്ന് ഉടൻ വ്യക്തമാകും.
Nava Kiranam Fraud Revealed in Relocation Scam Controversy in Kotiyur